10:26am 12 August 2026
NEWS
മെസ്സിയും അർജന്റീന ടീമും കേരളത്തിലെത്തുമെന്ന വാഗ്ദാനം; 126 കോടിയുടെ ഇടപാടിൽ രേഖകളില്ല; ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി
11/08/2026  06:19 AM IST
nila
മെസ്സിയും അർജന്റീന ടീമും കേരളത്തിലെത്തുമെന്ന വാഗ്ദാനം; 126 കോടിയുടെ ഇടപാടിൽ രേഖകളില്ല; ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി

തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന വാഗ്ദാനത്തിന്റെ പേരിൽ നടന്നത് കോടികളുടെ സാമ്പത്തിക ക്രമക്കേടും ഗുരുതര ചട്ടലംഘനങ്ങളുമാണെന്ന് കായികവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. അർജന്റീന ഫുട്ബോൾ അസോസിയേഷന് (എഎഫ്എ) 1.5 കോടി യുഎസ് ഡോളർ, അന്നത്തെ മൂല്യത്തിൽ ഏകദേശം 126 കോടി രൂപ, നൽകിയതായി സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി അവകാശപ്പെട്ടിരുന്നു. എന്നാൽ പണം കൈമാറിയതിന്റെയോ എഎഫ്എ തുക സ്വീകരിച്ചതിന്റെയോ തെളിവുകൾ സർക്കാരിന്റെ കൈവശമില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

എഎഫ്എയും സംസ്ഥാന സർക്കാരും തമ്മിൽ കരാർ ഒപ്പിട്ടതിന്റെ രേഖകളില്ല. സ്പോൺസറും സർക്കാരും തമ്മിൽ കരാർ ഉണ്ടായിരുന്നതിന്റെ രേഖകളും കണ്ടെത്താനായിട്ടില്ല. വിദേശനാണയ വിനിമയ ചട്ടലംഘനം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ആരോപണങ്ങളിൽ വിജിലൻസിന്റെയും കേന്ദ്ര ഏജൻസികളുടെയും അന്വേഷണം വേണമെന്നും കായികവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്ത് സമർപ്പിച്ച റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. കായികമന്ത്രി ഒ.ജെ.ജനീഷിന് നൽകിയ റിപ്പോർട്ട് തുടർനടപടികൾക്കായി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

വിദേശത്തേക്ക് പണം കൈമാറുന്നതിനായി യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഏജൻസിയുടെ സേവനം ഉപയോഗിക്കാൻ സ്പോൺസർ സംസ്ഥാന സർക്കാർ മുഖേന കേന്ദ്രാനുമതി തേടിയിരുന്നു. എന്നാൽ സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട അന്വേഷണം നേരിടുന്ന സ്ഥാപനമാണ് ഈ ഏജൻസിയെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. കേന്ദ്രാനുമതി ലഭിച്ചശേഷവും പണം കൈമാറിയതിന്റെ രേഖകൾ സ്പോൺസർ സർക്കാരിന് സമർപ്പിച്ചിട്ടില്ല.

അർജന്റീന ടീമിന്റെ കേരള സന്ദർശനം നീണ്ടുപോയതിനെ തുടർന്ന് കരാർ ലംഘനം ചൂണ്ടിക്കാട്ടി അന്നത്തെ എൽഡിഎഫ് സർക്കാർ സ്പോൺസർക്ക് രണ്ടുതവണ നോട്ടിസ് നൽകിയിരുന്നു. അതേസമയം, അർജന്റീന ഫുട്ബോൾ അസോസിയേഷനിൽനിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിക്കാതെയാണ് കൊച്ചിയിൽ പ്രദർശന മത്സരം നടത്തുമെന്ന് ചൂണ്ടിക്കാട്ടി കേരളം കേന്ദ്ര സർക്കാരിന് കത്തയച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

126 കോടി രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ട് 22.68 കോടി രൂപ സേവനനികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജിഎസ്ടി വകുപ്പ് സ്പോൺസർക്ക് അടുത്തിടെ സമൻസ് അയച്ചിരുന്നു. എഎഫ്എ പ്രതിനിധിയുമായി അന്നത്തെ കായികമന്ത്രിയുടെ ഓഫിസ് നടത്തിയ ഇ–മെയിൽ ആശയവിനിമയങ്ങളാണ് സർക്കാരിന്റെ ഫയലിലുള്ള പ്രധാന രേഖകൾ. ഇടപാടുമായി ബന്ധപ്പെട്ട ഈ ഇ–മെയിലുകൾ പോലും ഏകദേശം രണ്ടുവർഷത്തിന് ശേഷമാണ് കായികവകുപ്പിന്റെ ഫയലിൽ ഉൾപ്പെടുത്തിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി.

അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാൻ തയ്യാറാണെന്നും മുഴുവൻ സാമ്പത്തിക ബാധ്യതയും ഏറ്റെടുക്കാമെന്നും അറിയിച്ച് കളമശേരി ആസ്ഥാനമായ ഗോട്ട് ആഡ് ഗ്ലോബൽ എന്ന സ്ഥാപനമാണ് 2023 ജൂലൈയിൽ സർക്കാരിന് ആദ്യ കത്ത് നൽകിയത്. കത്ത് നൽകിയതിന് 20 ദിവസം മുൻപാണ് സ്ഥാപനം രജിസ്റ്റർ ചെയ്തതെന്നും അന്ന് ഒരു ലക്ഷം രൂപ മാത്രമായിരുന്നു മൂലധനമെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. പിന്നീട് സ്പോൺസറായി എത്തിയ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കും ഗോട്ട് ആഡ് ഗ്ലോബലിനും ഒരേ മേൽവിലാസമാണുണ്ടായിരുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ടെൻഡർ നടപടികളില്ലാതെ ഏകപക്ഷീയമായി സ്പോൺസറെ തെരഞ്ഞെടുത്തതിലും ഗുരുതര വീഴ്ചയുണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തി. അർജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാനെന്ന പേരിൽ മുൻകായികമന്ത്രി വി.അബ്ദുറഹിമാൻ 2024 സെപ്റ്റംബറിൽ സ്പെയിനിൽ ഒരാഴ്ചയോളം പര്യടനം നടത്തിയതും റിപ്പോർട്ടിൽ ചോദ്യംചെയ്യുന്നു. അന്നത്തെ കായികവകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, ഡയറക്ടർ പി.വിഷ്ണുരാജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

എന്നാൽ എഎഫ്എയുടെ ക്ഷണപ്രകാരമാണ് മന്ത്രി സ്പെയിനിലേക്ക് പോയതെന്നതിന് സർക്കാരിന്റെ കൈവശം രേഖകളില്ല. യാത്രയ്ക്കിടെ മന്ത്രി ആരുമായാണ് കൂടിക്കാഴ്ച നടത്തിയതെന്നും വ്യക്തമല്ല. സാമ്പത്തിക ഇടപാടുകൾ മുതൽ സ്പോൺസർ തിരഞ്ഞെടുപ്പ്, വിദേശപണമിടപാട്, മന്ത്രിയുടെ വിദേശയാത്ര എന്നിവ വരെ വിശദമായ അന്വേഷണത്തിന് വിധേയമാക്കണമെന്ന നിലപാടാണ് കായികവകുപ്പിന്റെ റിപ്പോർട്ടിലുള്ളത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img